ല്‍ കുടിവെള്ള പദ്ധതി ശബരിമല തീര്‍ഥാടനത്തിലെ നാഴികക്കല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതിയുടെ ഉദ്ഘാടനം നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് നടപ്പന്തലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശബരിമല മണ്ഡല-മകരവിളക്ക്, മാസ പൂജ സമയത്ത് സീതത്തോട്, പമ്പ, പെരുനാട് ശുദ്ധീകരണ ശാലകളില്‍ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് തീര്‍ഥാടകര്‍ക്കായി ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നത്.
നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ജലസംഭരണികളില്‍ പൈപ്പ് ലൈന്‍ വഴി വെള്ളം എത്തുന്നതോടുകൂടി ജലവിതരണത്തിനായി ചെലവാക്കി വരുന്ന ഭീമമായ തുക കുറയ്ക്കുവാന്‍ സാധിക്കും. തീര്‍ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.120 കോടി രൂപ നബാഡ് ധനസഹായത്തോടെയുള്ള പദ്ധതിയില്‍ 84.38 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തിയായി.
ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തിന്റെ മികവോടെയുള്ള പ്രവര്‍ത്തനത്തിലാണ് പല പ്രതിസന്ധികളേയും തരണം ചെയ്തു പദ്ധതി യാഥാര്‍ഥ്യമായതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജല അഥോറിറ്റി തിരുവല്ല പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ആർ. വി.സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹൻ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ പി. എസ്. പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ട് ഘട്ടങ്ങളിലൂടെ നിർമാണം
സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 2014ല്‍ 9.09 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 9 മീറ്റര്‍ വ്യാസമുള്ള ഇന്‍ടേക്ക് കിണർ, 13 ദശലക്ഷം സംഭരണശേഷിയുള്ള ജലശുദ്ധീകരണശാല എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ 2019ല്‍ പൂര്‍ത്തീകരിച്ച് കമ്മിഷന് ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2019 ല്‍ 120 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി.
രണ്ടാം ഘട്ടത്തില്‍ ആറ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള 3 സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള 3 ഉന്നതതല ജലസംഭരണി, 22.5 കി.മീ 508 എംഎം എംഎസ് ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍, നിലയ്ക്കല്‍ബേസ് ക്യാമ്പില്‍ വിതരണശൃംഖല, പമ്പ് ഹൗസുകളിലും ശുദ്ധീകരണശാലയിലും പമ്പ് സെറ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കല്‍ബേസ് ക്യാമ്പിലെ ബിഎസ്എന്‍എല്‍ ടവര്‍, ഗോശാ എന്നിവയ്ക്ക് സമീപമുളള 20 ലക്ഷം ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള ജലസംഭണികളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ ജലസംഭരണിയുടെ പ്രവൃത്തി അവസാന ഘട്ടത്തിലുമാണ്.